Saturday, April 29, 2017

ഒരു സത്യ കഥ

'കാത്തു, പൂപ്പി, മഞ്ചാടി..... യൂട്യൂബ് കാണിച്ചാണോ കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതു? എനിക്ക് മേമമാർ അമ്പിളിമാമനെ കാണിച്ചും, കാക്കയെ കാണിച്ചും ഒക്കെയാ ഫുഡ് തന്നിരുന്നത്, നീ ആ കുട്ടിനെ വേണ്ടാത്ത ഓരോന്നും പഠിപ്പിച്ചോളും!'
പരിസരവുമായി മകൻ disconnect ആകുന്നു എന്നോർത്ത് ഒരു അച്ഛന്റെ ദീന രോദനം.
'പറയാൻ എന്തെളുപ്പം, കഴിപ്പിക്കുന്നത് ഞാൻ അല്ലെ! ഞാൻ ഇനി അമ്പിളിമാമനെ തപ്പി ഇറങ്ങാം. അതും കൂടെ കുറവുള്ളൂ!'
കുക്കറിന്റെ വാഷർ ലൂസ് ആയി പരിപ്പ് കറി സിലിങ്ങിൽ പെയിന്റിംഗ് ആയതും, മോന്റെ ചോറും കാരറ്റും മിക്സി ലിഡ്ഡ് ലൂസ് ആയി വേറെ ഒരു പെയിന്റിംഗ് ആയി മതിലിൽ മാറിയതും, ഓഫീസിലെ പെൻഡിങ് അപ്‌ലോഡ്സ് വർകസും എല്ലാം കൂടെ അര കിറുക്കായ എനിക്ക് സ്വാഭാവികമായും പ്രതികരിക്കേണ്ടി വന്നു.
'നീ അങ്ങനെ വലിയ മല മറിക്കണ്ട, ഇന്ന് ഞാൻ കൊടുക്കാം അവനു ഫുഡ്. അവൻ പ്രകൃതി കണ്ടു വളരട്ടെ! നാട്ടുകാരെ കണ്ടു പഠിക്കട്ടെ. ഇങ്ങനെ യൂട്യൂബിൽ കുത്തിയിരുന്നാൽ അവൻ ആന്റി-സോഷ്യൽ ആകും.'
മൊബൈൽ ഫോണുമായി കക്കൂസിൽ രണ്ടു മണിക്കൂർ ചിലവിടുന്നതിനെ ഏതു സോഷ്യൽ ആക്ടിവിറ്റി ആയിട്ട് കണക്കാക്കണം എന്ന് ഞാൻ ഒന്നു ഓർത്തു.
'ഞാൻ ഇപ്പോ വരാം, നീ അവന്റെ ഫുഡ് റെഡി ആക്ക്'
'കൊച്ചിനേം കൊണ്ട് ഇപ്പൊ പുറത്തു പോകുന്നോ? തണുപ്പാണ് ജാക്കറ്റ് ഇട്ടു കൊടുക്കണം'
'നിനക്ക് വല്ല ചൂടും ഉണ്ടോ! ഞാൻ നിക്കർ മാത്രം ഇട്ടു മഴയത്തു ഓടിയാ വളർന്നെ'
ചിക്കൻ ബ്രോക്കോളി പ്യൂരീ ഒരു ബൗളിലും, വെള്ളം ബോട്ടലിലിലും ആക്കി കൊടുത്തപ്പോ ചൂട് ആറ്റി കൊടുക്കണേ എന്ന് പറയാൻ പോയ എന്നേ ഞാൻ തന്നെ തിരുത്തി. ചെറുപ്പത്തിൽ അടുപ്പിൽ നിന്നും എടുത്തു കഴിച്ച ചരിത്രം കേക്കാൻ വയ്യ.
'വാ മോനെ നമ്മുക്ക് ഇന്ന് കാത്തു ആൻഡ് പൂപ്പി വേണ്ട ഫുഡ് കഴിക്കാൻ'
കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും മോനും എത്തി. ബ്രോക്കോളി ഫേഷ്യൽ ചെയ്ത പോലെ കൊച്ചും, ഒരു യുദ്ധം തോറ്റു ജയിച്ച പോലെ അച്ഛനും. പാത്രം കാലി, അതിൽ കുട്ടി എത്ര കഴിച്ചു എന്നതിന് അവരുടെ കൂടെ കുർങ്ങ്യയാവു എന്ന് കൂടിയ പൂച്ചയുടെ സന്തോഷം കണ്ടാൽ അറിയാം.
'കണ്ടോ ഇങ്ങനെയും കഴിപ്പിക്കാം' 
'അപ്പൊ അമ്പിളിമാമനെ കണ്ടോ?' 
ഒരു ചിരി 
'ഇല്ലേ?'
'അല്ല കുട്ടാ മെയിൻ തിങ് അമ്പിളിമാമനെ കാണാൻ ഇല്ല, പിന്നെ ഫോഗ്‌ ആണോ പൊടി ആണോ എന്നറിയില്ല നക്ഷത്രവും മാഫി. അവസാനം ഞാൻ ഫോണിൽ കാത്തു കാണിച്ചപ്പോ കുറച്ചു കഴിച്ചു.'
ആ വളിച്ച ചിരിയിലും അഭിമാനം കൊള്ളുന്ന ഭർത്താവിനെ പിന്നെ കളിയാക്കാൻ തോന്നിയില്ല.
മോന്റെ മുഖം കഴുകാൻ ബാത്റൂമിലേക്കു കൊണ്ട് പോയപ്പോഴാണ് വാതിലിൽ ആരോ തട്ടുന്നത് കേട്ടത്. തട്ട് എന്ന് പറയാൻ പറ്റില്ല, ആ തട്ടിന്റെ എഫക്ടിൽ ടീവീ ബ്രാക്കറ്റും, ജനാലയും എല്ലാം ആകെ മൊത്തം കുലുങ്ങുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഒപ്പം തന്നെ നല്ല ഡോൾബി സൗണ്ടിൽ ആരോ അറബിയിൽ എന്തൊക്കെയോ പറയുന്നു. 
എളുപ്പം മുഖം കഴുകിച്ചു പുറത്തു വന്നപ്പോ ഗൃഹനാഥൻ ലേലു അല്ലു ലേലു അല്ലു സ്റ്റൈലിൽ നിക്കുന്നു. അറബി നിർത്തുന്ന മട്ടില്ല. എത്തിച്ചു നോക്കിയപ്പോ നല്ല ഗ്യാരന്റീഡ് അറബി ആണ്, തനി ലോക്കൽ ബ്രാൻഡ്. തെറിക്കു ഭാഷ ഇല്ല എന്ന സത്യം അപ്പൊ മനസിലായി.
അറബി അറിയില്ല എങ്കിലും മാനറിസം ആൻഡ് ആക്ഷൻസിൽ നിന്നും കാര്യം മനസിലായി. അതായതു അറബി പറയുന്നത് വെച്ച് നോക്കുമ്പോൾ എന്റെ ഭർത്താവു ടെറസിൽ പോയി പുള്ളിക്കാരന്റെ ഭാര്യയെ ലൈൻ അടിച്ചു എന്ന്! 
വെട്ടുമെന്നോ കുത്തുമെന്നോ എന്തൊക്കെയോ അറബി പറഞ്ഞോണ്ട് ഇരിക്കുന്നു.
അമ്പിളിമാമനെ കാണിക്കാൻ പോയ കഥ അറബിനെ പറഞ്ഞു മനസിലാക്കിക്കോ എന്ന ഭാവത്തിൽ ഞാൻ മോനെ ഉറക്കാൻ വന്നു. 

No comments: